രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ ലക്ഷ്യമിട്ട് സൈബർ അധിക്ഷേപം നടത്തിയെന്നാരോപിച്ച് പത്തനംതിട്ട സൈബർ സെൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെന്നി നൈനാൻ ഹൈക്കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. തനിക്കെതിരെയുള്ള എഫ്‌ഐആർ നിലനിൽക്കില്ലെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.
അതേസമയം പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങളോ തിരിച്ചറിയൽ വിശദാംശങ്ങളോ താൻ പുറത്തുവിട്ടിട്ടില്ലെന്നാണ് ഫെന്നി ഹർജിയിൽ വ്യക്തമാക്കുന്നത്. സൈബർ പൊലീസ് സ്വീകരിച്ച നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്ന നിലപാടാണ് താൻ പരസ്യമായി പറഞ്ഞതെന്നും, അതിന് പുറത്തേക്ക് മറ്റൊന്നും ചെയ്തിട്ടില്ലെന്നും ഫെന്നി വാദിക്കുന്നു.
കൂടാതെ, പരാതിക്കാരി പിന്നീട് രാഹുലുമായി ബന്ധം തുടരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും ഫെന്നി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നത്.



