അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ ഇസ്‌ലാമികവൽക്കരണത്തിന് വിധേയമാകുകയാണെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ. അവിടത്തെ ചില മാളുകളിൽ പോയാൽ ഡാലസിലല്ല, പാകിസ്ഥാനിലാണെന്ന് തോന്നും എന്നും ഗിൽ പറഞ്ഞു. റിപ്പബ്ലിക്കൻ അംഗത്തിന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

“നമ്മൾ സ്നേഹിക്കുന്ന അമേരിക്കയെ കൂട്ടത്തോടെയുള്ള ഇസ്‌ലാമിക കുടിയേറ്റം നശിപ്പിക്കുകയാണ്” എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇസ്‌ലാമികവൽക്കരണം സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഡാലസിലെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രാദേശിക  സാംസ്കാരിക സ്വഭാവത്തെ മാറ്റിയതായും അദ്ദേഹം ആരോപിച്ചു.