കരളിനെ ബാധിക്കുന്ന, ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. ഇന്ത്യാക്കാരിൽ മൂന്നിൽ ഒരാൾക്ക് ഇന്ന് ഫാറ്റി ലിവർ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാറിയ ജീവിതചര്യകളും ഭക്ഷണരീതികളും ശരീരകോശങ്ങളിൽ നിരന്തരം നടക്കുന്ന രാസപ്രക്രിയകളുടെ ആകെത്തുകയായ ഉപാപചയ (Metabolism) തകരാറുകളും ഈ രോഗം വർധിക്കാൻ പ്രധാന കാരണമാകുന്നുവെന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ എച്ച്പിബി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സുധീർ മുഹമ്മദ് എം വ്യക്തമാക്കുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് വരെ ഫാറ്റി ലിവർ പ്രധാനമായും മദ്യപാനികളിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് മദ്യപിക്കാത്തവരിലും ഈ രോഗം വ്യാപകമാണ്. ഇതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോറ്റിക് ലിവർ ഡിസീസ് (MASLD) എന്ന് വിളിക്കുന്നു. ഭക്ഷണരീതിയിലെ മാറ്റങ്ങൾ പ്രധാന വില്ലനാകുന്നു; വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പകരം ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും ശീലമാക്കിയത് കലോറി അമിതമാകാൻ കാരണമാകുന്നു. യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതും ജോലിയുടെ ഭാഗമായി ദീർഘനേരം ഇരിക്കുന്നതും ശാരീരിക അധ്വാനം കുറയാൻ ഇടയാക്കി. ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ കളിക്കളങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ടിവിയും അകറ്റുന്നത് ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണത്തിലേക്കും ഫാറ്റി ലിവറിലേക്കും നയിക്കുന്നു.

വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണശീലവും സ്ത്രീകളിലും ഫാറ്റി ലിവർ വർദ്ധിപ്പിക്കുന്നുണ്ട്. അടുക്കള ജോലികൾ മാത്രം വ്യായാമമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു; ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അധ്വാനമാണ് കരളിന്റെ ആരോഗ്യത്തിന് ആവശ്യം. ഹോർമോൺ തകരാറുകൾ, പിസിഓഡി എന്നിവയുള്ളവരിലും ഫാറ്റി ലിവർ സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ലെങ്കിലും ഇത് ക്രമേണ കരളിൽ വീക്കമുണ്ടാക്കുകയും പിന്നീട് സിറോസിസ് എന്ന മാരകാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. എൽഎഫ്‌ടി (LFT) രക്തപരിശോധന, അൾട്രാ സൗണ്ട് സ്കാൻ, ഫൈബ്രോ സ്കാൻ എന്നിവയിലൂടെ രോഗത്തിന്റെ തീവ്രത കണ്ടെത്താം.

ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ്. ദിവസവും 30-40 മിനിറ്റ് വേഗത്തിൽ നടക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും എണ്ണയിൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. ആഴ്ചയിൽ ഒരു കിലോ എന്ന തോതിൽ ക്രമമായി ശരീരഭാരം കുറയ്ക്കുന്നത് ഉചിതമാണ്. ‘സ്ഥിരമായ ശീലങ്ങൾ, കരുത്തുറ്റ കരൾ’ എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിന സന്ദേശം. നിത്യജീവിതത്തിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ കരളിന് വലിയ കരുത്ത് നൽകുമെന്നും അമിതവണ്ണമുള്ളവരും പ്രമേഹരോഗികളും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തണമെന്നും ഡോ. സുധീർ മുഹമ്മദ് എം കൂട്ടിച്ചേർത്തു.