മുംബൈ: കുടുംബവഴക്ക് പറഞ്ഞു തീർക്കുന്നതിനിടെ പോലീസ് സ്റ്റേഷനു സമീപത്തുവച്ച് ഭർത്താവ് ഭാര്യയേയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ കല്യാണിൽ നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു.
ഭർത്താവ് തൻവീർ ഖാനുമായി യുവതി അകൽച്ചയിലായിരുന്നു. പ്രശ്നം പരിഹരിക്കാനും വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കാനും ഇരു കുടുംബങ്ങളും ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ചർച്ചയ്ക്കിടെ ഭർത്താവിന്റെ കുടുംബാംഗങ്ങൾ യുവതിയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സ്ഥിതി വഷളായതോടെ യുവതിയും സഹോദരനും പരാതി നൽകാൻ പോലീസ് സ്റ്റേഷനിലേക്കു പോയി.
ഇവരെ പിന്തുടർന്ന പ്രതികൾ പോലീസ് സ്റ്റേഷനു പുറത്തുവച്ച് യുവതിയെയും സഹോദരനെയും തടയുകയും കത്തിയും കല്ലുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരിക്കുകളോടെ രകതം വാർന്ന നിലയിൽ ഇരുവരും പോലീസ് സ്റ്റേഷനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
പ്രതികൾ സ്റ്റേഷനുള്ളിലേക്കും ഇവരെ പിന്തുടർന്നെങ്കിലും പോലീസ് എത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



