മൈസൂരു: ഡൽഹിയിൽ സ്കൂളുകളിലും കോടതികളിലും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മൈസൂരുവിൽ നിന്ന് ആണ് ഡൽഹി പോലീസ് പ്രതിയെ പിടികൂടിയത്.
മൈസൂരു നഗരത്തിലെ ബൃന്ദാവൻ ലേഔട്ടിൽ താമസിച്ചിരുന്ന ശ്രീനിവാസ് ആണ് പിടിയിലായത്. ഞായറാഴ്ചയാണ് ഡൽഹി പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി ലഭിച്ച വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൈസൂരുവിൽ നിന്നാണ് സന്ദേശങ്ങൾ അയയ്ക്കുന്നതെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച നിരവധി സിം കാർഡുകളും ഒരു ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.



