ലെയോ മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനത്തിന്റെ അവസാന ദിവസം കാവ്യാത്മകമായ ഒരു പര്യവസാനമായിരുന്നു. ബുധനാഴ്ച രാത്രി, ഇക്വറ്റോറിയൽ ഗിനിയയിലെ വലിയ നഗരമായ ബാത്തയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ പതിനായിരക്കണക്കിന് യുവാക്കൾ കനത്ത ഉഷ്ണമേഖലാ മഴയത്തും പാട്ടുപാടിയും നൃത്തം ചെയ്തും മാർപാപ്പയെ വരവേറ്റു.
മഴ കനത്തപ്പോൾ ചിലർ സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്ക് താഴെ അഭയം തേടിയെങ്കിലും, ഭൂരിഭാഗം പേരും പെരുമഴയത്ത് നൃത്തം ചെയ്തുകൊണ്ട് മാർപാപ്പയുടെ വരവിനായി കാത്തിരുന്നു. പാപ്പ എത്തിയതോടെ സ്റ്റേഡിയം ആവേശക്കടലായി മാറി. പ്രാദേശിക വിശ്വാസികൾ വേദിയിൽ തങ്ങളുടെ വിശ്വാസാനുഭവങ്ങൾ പങ്കുവെക്കുകയും പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
“നിങ്ങളുടെ കണ്ണുകളിലും പുഞ്ചിരിയിലും പാട്ടുകളിലും തിളങ്ങുന്ന പ്രകാശമാണ് ഇവിടത്തെ ഏറ്റവും വലിയ വെളിച്ചം,” എന്ന് മാർപാപ്പ യുവാക്കളോട് പറഞ്ഞു. എപ്പോഴും പരസ്പര ഐക്യത്തിന്റെ മാതൃകകളായിരിക്കാനും, കൊടുക്കുന്നതിലാണ് ഏറ്റവും വലിയ സന്തോഷമെന്ന് സ്വന്തം പ്രവർത്തിയിലൂടെ തെളിയിക്കാനും പാപ്പ അവരെ ആഹ്വാനം ചെയ്തു.
ബാത്തയിലെ ജയിൽ സന്ദർശന വേളയിലാണ് മഴ തുടങ്ങിയത്. “ചിലയിടങ്ങളിൽ മഴ ദൈവാനുഗ്രഹത്തിന്റെ അടയാളമാണെന്ന് പറയാറുണ്ട്. ഈ മഴയും അത്തരത്തിൽ ഒന്നാകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.”കഠിനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ബാത്ത ജയിലിലെ തടവുകാരെ കാണുമ്പോൾ മാർപാപ്പ പറഞ്ഞു
“ദൈവസ്നേഹത്തിൽ നിന്ന് ആരും പുറത്തല്ല. നമ്മുടെ തെറ്റുകളും സങ്കടങ്ങളും എന്തുതന്നെയായാലും, കർത്താവിന്റെ കണ്ണുകളിൽ നാം ഓരോരുത്തരും വിലപ്പെട്ടവരാണ്,”തടവുകാരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു.
ഗാബോൺ അതിർത്തിയോട് ചേർന്നുള്ള മോംഗോമോ എന്ന നഗരവും മാർപാപ്പ സന്ദർശിച്ചു. തുടർന്ന് ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ ദൈവാലയമായ ‘ബസിലിക്ക ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ’ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ഇക്വറ്റോറിയൽ ഗിനിയയുടെ പതാകയുടെ നിറത്തിലുള്ള വെടിക്കെട്ടുകളോടെയാണ് പതിനായിരക്കണക്കിന് വിശ്വാസികൾ പരിശുദ്ധ പിതാവിനെ സ്വീകരിച്ചത്.



