ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മേഖലയിലെ ഒരു കുറ്റിക്കാട്ടിൽ നിന്ന് 20 കിലോയിലധികം ഭാരമുള്ള ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്.

വ്യാഴാഴ്ച വൈകുന്നേരം സ്കൂളിലെ കുട്ടികൾ കളിക്കുന്നതിനിടെ അടുത്തുള്ള കുറ്റിക്കാട്ടിൽ സംശയാസ്പദമായ ഒരു വസ്തു കണ്ടതായി പ്രിൻസിപ്പൽ പോലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ ഒരു പോലീസ് സംഘം സ്ഥലത്തെത്തി ഉടൻ തന്നെ പ്രദേശം വളഞ്ഞു. ബോംബ് നിർവീര്യമാക്കൽ, ഡോഗ് സ്ക്വാഡ് സംഘങ്ങൾ വിശദമായ തിരച്ചിൽ നടത്തി, സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഇന്ത്യൻ സ്ഫോടകവസ്തു നിയമപ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ പോലീസ് കേസെടുത്തു. അൽമോറ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ദേവേന്ദ്ര പിഞ്ച വാർത്ത സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കിംവദന്തികൾ വിശ്വസിക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.