നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ ശനിയാഴ്ച പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ നേപ്പാളിനെ ഉലച്ച ‘ജെൻ സി’ (Gen Z) പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട നരഹത്യാ കേസിലാണ് നടപടി. ഒലിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ച പ്രക്ഷോഭമായിരുന്നു ഇത്. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ നിർണ്ണായക നീക്കം.

നേപ്പാളി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ലേഖകിനെയും ഇതേ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്തപൂരിലെ വസതികളിൽ നിന്നാണ് ഇരു നേതാക്കളെയും കസ്റ്റഡിയിലെടുത്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.