ക്രൈസ്തവർ ഉൾപ്പെടെ മറ്റ് മത തടവുകാരെ പീഡിപ്പിക്കുന്നതിന് പ്രസിദ്ധമായ ടെഹ്‌റാനിലെ എവിൻ ജയിൽ ഇസ്രായേൽ ആക്രമിച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ആക്രമണം. കഴിഞ്ഞ ആഴ്ച നടന്ന ഒരു ആക്രമണത്തിൽ കുറഞ്ഞത് 71 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണം ക്രൈസ്തവരെയും നേരിട്ട് ബാധിച്ചിട്ടുണ്ട്, എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ആക്രമണത്തെ തുടർന്ന് ജയിലിൽ നിന്നും ബസുകളിൽ നിറയെ തടവുകാരെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി. ഈ തടവുകാരിൽ കുറഞ്ഞത് ആറുപേരെങ്കിലും വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ക്രൈസ്തവരാണ്. ഇറാനിയൻ ഹൗസ് പള്ളികൾക്കെതിരായ ഏകോപിത റെയ്ഡുകളുടെ ഭാഗമായി 2020 ജൂണിൽ അറസ്റ്റിലായതിനുശേഷം ആറുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന 60 വയസ്സുള്ള മിന ഖജാവിയും സ്ഥലം മാറ്റപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇസ്ലാം മതത്തിൽ നിന്നും ക്രൈസ്തവവിശ്വാസം സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം. അതേസമയം ജയിലിലായിരിക്കുമ്പോൾ, ഖജാവിക്ക് അധികൃതർ ചികിത്സ നിഷേധിച്ചു. സന്ധിവാതത്തിനും തടവിലാക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ഒരു വാഹനാപകടത്തിൽ കണങ്കാലിലുണ്ടായ ഒടിവിനും അദ്ദേഹത്തിന് ചികിത്സ ആവശ്യമായിരുന്നു.

‘അടിച്ചമർത്തലിന്റെ പ്രതീകമായ ഇറാനിലെ ജയിൽ’ എന്നാണ് ഇസ്രായേൽ പ്രതിരോധസേന എവിൻ ജയിലിനെപ്പറ്റി പരാമർശിച്ചത്. ‘പീഡനഫാക്ടറി’ എന്നും ‘ഭൂമിയിലെ നരകം’ എന്നും പരക്കെ പരാമർശിക്കപ്പെടുന്ന എവിൻ ജയിലിൽ, ഇറാനിൽ തടവിലാക്കപ്പെട്ട ക്രൈസ്തവരിൽ ഏകദേശം 60% പേർ ജീവിക്കുന്നു. വളരെ ദയനീയമായ സാഹചര്യത്തിലാണ് തടവുകാർ ഈ ജയിലിൽ കഴിയുന്നത്. ജയിലിലെ വാർഡുകൾ തിങ്ങിനിറഞ്ഞതും അവശ്യസാധനങ്ങളുടെ അഭാവം നേരിടുന്നതുമാണ്. യു കെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടനുസരിച്ച്, എഴുപതിലധികം തരം പീഡനങ്ങൾ ഇവിടെയുള്ള തടവുകാർ അനുഭവിച്ചിട്ടുണ്ട്.

ഇറാനിൽ അധികൃതരും ഇസ്ലാമികനേതാക്കളും ക്രൈസ്തവരെ ക്രൂരമായി പീഡിപ്പിക്കുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ ഫലം തടവുശിക്ഷയോ, മരണമോ ആണ്. ഇവിടെ ക്രൈസ്തവർ അങ്ങേയറ്റം അടിച്ചമർത്തപ്പെടുന്നുണ്ടെങ്കിലും ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സഭയുടെ ആസ്ഥാനമാണ് ഇറാൻ.