അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വായുചോര്‍ച്ച വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അടിയന്തര ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് നാസ. നിലയത്തിലുണ്ടായിരുന്ന അഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞരോട് അടിയന്തര സാഹചര്യമുണ്ടായാല്‍ ഭൂമിയിലേക്ക് മടങ്ങാനായി സ്വന്തം പേടകത്തിനുള്ളില്‍ സുരക്ഷിതമായി ഇരിക്കാന്‍ നാസ മിഷന്‍ കണ്‍ട്രോള്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിലവില്‍ അപകട സാധ്യതകള്‍ ഒഴിവായതായും ശാസ്ത്രജ്ഞര്‍ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയതായും നാസ പിന്നീട് അറിയിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ഭാഗമായ ‘സ്വെസ്ദ’ (Zvezda) സര്‍വീസ് മോഡ്യൂളിലാണ് വായുചോര്‍ച്ച കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ ചെറിയ തോതില്‍ വായുചോര്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് പ്രതിദിനം ഒരു പൗണ്ടില്‍ നിന്നും രണ്ട് പൗണ്ട് എന്ന തോതിലേക്ക് വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിലെ കോസ്‌മോ നൗട്ടുകള്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തുന്നതിനായി റീ-പ്രഷറൈസേഷന്‍ ടണലിനുള്ളില്‍ ‘സോ’ ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ റഷ്യന്‍ ശാസ്ത്രജ്ഞരുടെ ഈ പരിഹാര മാര്‍ഗത്തോട് നാസ വിയോജിക്കുകയും സുരക്ഷ മുന്‍നിര്‍ത്തി ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോളില്‍ നിന്നും ശാസ്ത്രജ്ഞരോട് അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സുരക്ഷിതമായി ശാസ്ത്രജ്ഞര്‍ നാസയുടെ ക്രൂ-12 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള ജെസീക്ക മെയര്‍, ജാക്ക് ഹാതവേ (യു.എസ്.എ), സോഫി അഡെനോട്ട് (ഫ്രാന്‍സ്), ആന്‍ഡ്രേ ഫെഡ് യാവേവ് (റഷ്യ) എന്നിവര്‍ക്കൊപ്പം മറ്റൊരു നാസ ബഹിരാകാശ ശാസ്ത്രജ്ഞനായ ക്രിസ് വില്യംസിനോടുമാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിനുള്ളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചത്.

സ്‌പേസ് സ്യൂട്ടുകള്‍ ധരിച്ച് അടിയന്തരമായി ഭൂമിയിലേക്ക് മടങ്ങാന്‍ തക്കവണ്ണമുള്ള തയാറെടുപ്പുകളാണ് ഇവര്‍ നടത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് അടിയന്തരമായി നിലയം ഒഴിഞ്ഞ് പോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അത്തരം ‘സേഫ് ഹെവന്‍’ നിര്‍ദ്ദേശങ്ങള്‍ ബഹിരാകാശത്ത് വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കാറുള്ളൂ. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് നിലവില്‍ താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ചതോടെ നാസ ശാസ്ത്രജ്ഞര്‍ക്ക് സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കി.

നിലയത്തില്‍ രണ്ട് ഓക്‌സിജന്‍ ചോര്‍ച്ചകള്‍ കണ്ടെത്തിയിരുന്നതായും അതില്‍ ആദ്യത്തേത് പൂര്‍ണ്ണമായും അടച്ചതായും രണ്ടാമത്തേത് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റോസ്‌കോസ്‌മോസ് അറിയിച്ചു. നിലവില്‍ ജീവനക്കാര്‍ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ഇരു ഏജന്‍സികളും വ്യക്തമാക്കിയിട്ടുണ്ട്.