ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമിത നികുതി ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തെ ചൊല്ലി പാശ്ചാത്യ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. ഈ ഭിന്നത ചൈനക്കും റഷ്യയ്ക്കും ഗുണകരമാകുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നൽകി.
‘ചൈനയും റഷ്യയും ഇപ്പോൾ ആഘോഷത്തിലാകും. സഖ്യകക്ഷികൾക്കിടയിലെ ഭിന്നതയിൽ നിന്ന് നേട്ടമുണ്ടാക്കുന്നത് അവരാണ്’. യൂറോപ്യൻ രാജ്യങ്ങൾക്ക് മേലുള്ള പുതിയ തീരുവകൾ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയായി കാജ കല്ലാസ് എക്‌സിൽ എഴുതി.
ഗ്രീൻലാൻഡിന്റെ സുരക്ഷിൽ യഥാർത്ഥത്തിൽ അശങ്കയുണ്ടെങ്കിൽ വ്യാപാര നടപടികളിലൂടെയല്ല, നാറ്റോയ്ക്കുള്ളിൽ തന്നെ പ്രശ്നം കൈകാര്യം ചെയ്യണമെന്ന് കല്ലാസ് പറഞ്ഞു. ഇത്തരം തീരുവകൾ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുവശങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ഈ നീക്കം യൂറോപ്പിനെയും അമേരിക്കയെയും ദരിദ്രരാക്കുകയും നമ്മുടെ പങ്കിട്ട അഭിവൃദ്ധിയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും അവർ പറഞ്ഞു.



