ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള എർബിൽ കൽദായ കത്തോലിക്കാ അതിരൂപതയ്ക്കു കീഴിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനു നേരെ ഡ്രോൺ ആക്രമണം. ക്രൈസ്തവർ താമസിക്കുന്ന ജനവാസമേഖലയെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണം ക്രൈസ്തവസമൂഹത്തിനിടയിൽ വലിയ ആശങ്ക പടർത്തിയിരിക്കുകയാണ്.

സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ, അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനു മുകളിൽ പതിക്കുകയായിരുന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഭാഗ്യവശാൽ ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. എർബിൽ ആർച്ച്ബിഷപ്പ് ബാഷർ വാർദ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായി കഴിയുന്ന ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള ഇത്തരം അക്രമങ്ങൾ അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ, ഇറാഖിലെ ക്രൈസ്തവർ വീണ്ടും ആക്രമിക്കപ്പെടുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഐസിസ് (ISIS) ഭീകരതയിൽ നിന്ന് രക്ഷപെട്ട് പുനരധിവസിപ്പിക്കപ്പെട്ട നിരവധി ക്രൈസ്തവകുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്.