അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളുടെ ഭാഗമായി രണ്ടായിരത്തിലധികം വീഡിയോ ദൃശ്യങ്ങൾ യുഎസ് നീതി ന്യായ വകുപ്പ്  പുറത്തുവിട്ടു. എപ്സ്റ്റൈൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്  പ്രകാരം പുറത്തുവിട്ട ഈ രേഖകളിൽ എപ്സ്റ്റൈൻ സ്വന്തമായി ചിത്രീകരിച്ചതും ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതുമായ മണിക്കൂറുകൾ നീളുന്ന ദൃശ്യങ്ങളാണുള്ളത്. ഇതിൽ പലതും ഇതുവരെ പൊതുസമൂഹത്തിന് മുന്നിൽ വരാത്തവയാണ്.

യുവതികൾ നൃത്തം ചെയ്യുന്നതും കിടക്കയിൽ ഇരിക്കുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കമാണ് വീഡിയോകളിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റൈന്റെ സ്വകാര്യ ദ്വീപിന്റെ ഡ്രോൺ ദൃശ്യങ്ങളും (Drone Footage) അദ്ദേഹം ഒരു ലൈംഗിക കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ പാസ്‌പോർട്ടും ഈ ഫയലുകളിൽ ഉൾപ്പെടുന്നു. 

തന്റെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനായി സ്റ്റീവ് ബാനൺ എപ്സ്റ്റൈനുമായി നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. ബിസിനസ്സ്, രാഷ്ട്രീയം, വിനോദം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായി എപ്സ്റ്റൈനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെയും ബന്ധങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മാധ്യമ പ്രവർത്തകരുടെ സംഘം ഈ ഫയലുകൾ പരിശോധിച്ചുവരികയാണ്.