നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എന്നാൽ സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ പരിഗണിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി  പട്ടാളി മക്കൾ കക്ഷി (പി.എം.കെ) എൻ.ഡി.എയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പളനിസ്വാമിയുടെ സന്ദർശനം.

കേന്ദ്രമന്ത്രി പുതുക്കോട്ടയിലായിരുന്നപ്പോൾ മുൻകാല തിരക്കുകൾ കാരണം ഷായെ കാണാൻ കഴിഞ്ഞില്ലെന്ന് പളനിസ്വാമി ഡൽഹിയിലെ തമിഴ്‌നാട് ഹൗസിൽ സംസാരിക്കവെ   പറഞ്ഞു. എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.