കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി. പുതിയ ഇടയന്റെ സ്ഥാനാരോഹണത്തിനു സാക്ഷികളാകാൻ രൂപതയുടെ നാനാഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിനു വിശ്വാസികളെത്തി.
ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ നടന്ന ശുശ്രൂഷകളിൽ ഗോവ ആർച്ച്ബിഷപ്പും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനുമായ കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിച്ചു. മുഖ്യകാർമികൻ കൈവയ്പ് ശുശ്രൂഷകൾക്കുശേഷം ഡോ. കാട്ടിപ്പറമ്പിലിനെ സ്ഥാനചിഹ്നങ്ങളായ മോതിരവും മുടിയും ധരിപ്പിച്ച് അംശവടി കൈമാറി.
തുടർന്ന് രൂപതയുടെ അധ്യക്ഷനായി സ്ഥാനമേൽക്കുന്നതിന്റെ പ്രതീകമായി മുഖ്യകാർമികൻ അദ്ദേഹത്തെ പ്രത്യേക പീഠത്തിലേക്ക് ആനയിച്ചു. നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്ഥാനാരോഹണത്തെ വരവേറ്റത്. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നവാഭിഷിക്തന്റെ മുൻഗാമി ബിഷപ് ഡോ.ജോസഫ് കരിയിൽ എന്നിവർ മുഖ്യ സഹകാർമികരായിരുന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വച നസന്ദേശം നൽകി.



