ഇറാനെതിരെ നടത്തുന്ന ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ അമേരിക്കൻ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്കുകൾ പ്രതിരോധ ആസ്ഥാനമായ പെൻ്റഗൺ ആദ്യമായി പുറത്തുവിട്ടു. ദൗത്യം തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോൾ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും 365 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗം പേരും കരസേനയിലെ അംഗങ്ങളാണ്.

യുഎസ് ആർമിയിൽ നിന്നുള്ള 247 സൈനികർക്കാണ് പരിക്കേറ്റത്. നാവികസേനയിൽ നിന്ന് 63 പേർക്കും വ്യോമസേനയിൽ നിന്ന് 36 പേർക്കും പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏഴ് പേർ ശത്രുക്കളുടെ നേരിട്ടുള്ള ആക്രമണത്തിലാണ് മരണപ്പെട്ടത്. ബാക്കിയുള്ള ആറ് മരണങ്ങൾ അപകടങ്ങൾ മൂലമാണെന്ന് പെൻ്റഗൺ പുറത്തുവിട്ട കാഷ്വാലിറ്റി ഡാറ്റാബേസ് വ്യക്തമാക്കുന്നു.

ഫെബ്രുവരി അവസാന വാരം ആരംഭിച്ച സൈനിക നീക്കത്തിൽ പരിക്കേറ്റവരിൽ വലിയൊരു ഭാഗം സൈനികരും ചികിത്സയ്ക്ക് ശേഷം വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു കഴിഞ്ഞു. എന്നാൽ ആറ് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇറാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് അമേരിക്കൻ സൈനികർക്ക് തിരിച്ചടിയായത്.

ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കം അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഇറാനിലെ തന്ത്രപ്രധാനമായ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ഇതിനകം അമേരിക്കൻ സൈന്യം ആക്രമണം നടത്തി.

ഇറാൻ്റെ തിരിച്ചടി ഭയന്ന് മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങളിൽ സുരക്ഷാ കവചങ്ങൾ വർദ്ധിപ്പിക്കാൻ പെൻ്റഗൺ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഘർഷം ലഘൂകരിച്ചില്ലെങ്കിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സാങ്കേതിക വിദ്യകൾ വിന്യസിക്കാനും പ്രതിരോധ സെക്രട്ടറി നിർദ്ദേശം നൽകി.