ജനറൽ പ്രൊവിഡന്റ് ഫണ്ടിൽ മാതാപിതാക്കളെ നോമിനി ആയി രേഖപ്പെടുത്തിയത് ജീവനക്കാരൻ വിവാഹിതനാകുന്നതോടെ നിയമപരമായി അസാധുവാകുമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിൽ നോമിനിയെ മാറ്റിയില്ലെങ്കിൽ പോലും പഴയ നോമിനേഷന് നിയമപരമായ സാധുത ഉണ്ടായിരിക്കുകയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മരണപ്പെട്ട കേന്ദ്ര സർക്കാർ ജീവനക്കാരന്റെ പ്രൊവിഡന്റ് ഫണ്ട് തുകയുടെ അവകാശം സംബന്ധിച്ച് നിലനിന്നിരുന്ന തർക്കത്തിലാണ് സുപ്രീം കോടതിയുടെ ഈ ഇടപെടലുണ്ടായത്. ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പിലെ ഒരു ജീവനക്കാരൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിഎഫിലെ തുക ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാനാണ് സുപ്രീം കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെയാണ് കോടതി നിർണ്ണായകമായ നിയമപരമായ നിരീക്ഷണം നടത്തിയത്.
2000-ലാണ് ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ചത്. അന്ന് നിയമപ്രകാരം അമ്മയെയാണ് അദ്ദേഹം നോമിനിയായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2003-ൽ അദ്ദേഹം വിവാഹിതനായി. വിവാഹശേഷം കേന്ദ്ര ജീവനക്കാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം, ഗ്രാറ്റ്വിറ്റി എന്നിവയിലെ നോമിനി സ്ഥാനത്തുനിന്ന് അമ്മയുടെ പേര് മാറ്റി പകരം ഭാര്യയെ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും, പ്രധാനപ്പെട്ട സാമ്പത്തിക ആനുകൂല്യമായ പ്രൊവിഡന്റ് ഫണ്ടിലെ നോമിനിയെ മാറ്റാൻ അദ്ദേഹം തയ്യാറായില്ല. 2021-ൽ ജീവനക്കാരൻ മരണപ്പെട്ടതിനെ തുടർന്നാണ് പിഎഫ് തുകയുടെ അവകാശം സംബന്ധിച്ച് തർക്കം ആരംഭിച്ചത്.
ജീവനക്കാരൻ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിക്കുന്നതോടെ അത് നിയമപരമായി അസാധുവാകുമെന്ന സുപ്രധാന നിയമ തത്വമാണ് സുപ്രീം കോടതി ഇവിടെ ഉയർത്തിപ്പിടിച്ചത്. നേരത്തെ ഈ കേസ് പരിഗണിച്ച കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പിഎഫ് തുക ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാൻ വിധിച്ചിരുന്നു. എന്നാൽ, ട്രിബ്യൂണലിൻ്റെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്ഥിതി മാറി. ജീവനക്കാരൻ പിഎഫിലെ നോമിനിയെ മാറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഈ തുക ഭാര്യയ്ക്ക് നൽകാനാവില്ലെന്ന് ഉത്തരവിട്ടു.
ഈ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്. വിവാഹത്തോടെ നോമിനേഷൻ അസാധുവാകുമെന്ന നിയമം ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, പിഎഫ് തുക നിയമപരമായ അവകാശികളായ ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാൻ അന്തിമമായി ഉത്തരവിടുകയായിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ നിർണ്ണായകമായ ഒരു നിയമപരമായ വ്യക്തത നൽകുന്ന വിധിയാണിത്



