തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ അറിയിക്കും.
നിയമപരമായ കാര്യങ്ങൾ നോക്കിയിട്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളുടെ വിശ്വാസം എക്കാലത്തും സംരക്ഷിച്ചിട്ടുണ്ട്. പാർട്ടി എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണ്. പാർട്ടി നിലപാടിൽ നിലവിൽ മാറ്റമൊന്നും ഉദ്ദേശിക്കുന്നില്ല.
കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ ഉറച്ചുനിൽക്കുന്നു. ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി കണക്കിലെടുത്ത് നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം. ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതരും വിദഗ്ധരുമായി ചർച്ച നടത്തി വേണം നിലപാട് സ്വീകരിക്കാൻ.
അതേസമയം ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.



