ബംഗളൂരു: യലഹങ്കയിലെ ഹോസ്റ്റലിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി ലക്ഷ്യ മിശ്ര (19) യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് അജ്നി കുമാർ മിശ്ര ആരോപിച്ചു.
ഹോസ്റ്റലിന്റെ ഒന്പതാം നിലയിയെ ജനലിലൂടെ ലക്ഷ്യ വീണുവെന്നാണ് അധികൃതർ അജ്നിയെ അറിയിച്ചത്. എന്നാൽ മൃതദേഹം കണ്ടപ്പോൾ അത്രയും ഉയരത്തിൽ നിന്നും വീണ് മരിച്ചതിന്റെ ആഴത്തിലുള്ള മുറിവുകളൊന്നും മകന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്യ വീണ ജനൽ ഇടുങ്ങിയതായിരുന്നുവെന്നും അജ്നി പറഞ്ഞു.
അജ്നിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്പതാം നിലയിലൂടെ ലക്ഷ്യ തനിച്ച് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമെന്നും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.



