ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മെസേജിംഗ് സേവനങ്ങളിൽ എൻക്രിപ്ഷൻ (Encryption) ഏർപ്പെടുത്തിയ മെറ്റയുടെ നീക്കം കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് സഹായകരമാകുമെന്ന് കമ്പനിക്കുള്ളിൽ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി വെളിപ്പെടുത്തൽ. മെക്സിക്കോ സ്റ്റേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ട ആഭ്യന്തര രേഖകളിലാണ് ഈ വിവരങ്ങൾ.

 എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നതോടെ സന്ദേശങ്ങൾ നിരീക്ഷിക്കാൻ സാധിക്കില്ലെന്നും, ഇത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ വലിയ തിരിച്ചടിയാകുമെന്നും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2019-ൽ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഈ പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത്, “നമ്മൾ ഒരു തെറ്റായ കാര്യമാണ് ചെയ്യാൻ പോകുന്നത്, ഇത് അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത നടപടിയാണ്” എന്ന് മെറ്റയുടെ കണ്ടന്റ് പോളിസി വിഭാഗം മേധാവി മോണിക്ക ബിക്കർട്ട് കുറിച്ചതായി ആഭ്യന്തര ചാറ്റുകൾ വ്യക്തമാക്കുന്നു. 

സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നതോടെ ഭീകരാക്രമണ പദ്ധതികളോ കുട്ടികളെ ചൂഷണം ചെയ്യുന്നതോ കണ്ടെത്താൻ കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. എൻക്രിപ്ഷൻ വരുന്നതോടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ 65 ശതമാനം വരെ കുറവുണ്ടാകുമെന്ന് കമ്പനിയുടെ തന്നെ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഈ ആശങ്കകൾ പരിഗണിച്ചാണ് 2023-ൽ എൻക്രിപ്ഷൻ നടപ്പിലാക്കുന്നതിന് മുൻപ് പ്രായപൂർത്തിയാകാത്തവർക്കായി പ്രത്യേക സുരക്ഷാ ഫീച്ചറുകൾ വികസിപ്പിച്ചതെന്ന് മെറ്റ വക്താവ് ആൻഡി സ്റ്റോൺ പ്രതികരിച്ചു.