തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ അധ്യാപകരുടെ കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
കെ-ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളുള്ള (സെറ്റ്, നെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി) അധ്യാപകർക്ക് 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിലെ കുടിശികയുള്ള ദിവസവേതനം നൽകാൻ തീരുമാനിച്ചു. നിശ്ചിത കെ-ടെറ്റ് യോഗ്യതയില്ല എന്ന കാരണത്താൽ തടഞ്ഞുവച്ച വേതനം,
ഓരോ കേസും പ്രത്യേകം പരിശോധിച്ച് നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
കെ-ടെറ്റ് കാറ്റഗറി III വിജയിച്ച അധ്യാപകർക്ക് ഇനി മുതൽ കെ-ടെറ്റ് കാറ്റഗറി II നേടുന്നതിൽ നിന്നും ഒഴിവാക്കി നൽകി. ഇത് സംബന്ധിച്ച 2018 മാർച്ച് ഒമ്പതിലെ സർക്കുലർ വ്യവസ്ഥകൾ തുടർന്നും നിലനിൽക്കുന്നതാണ്.
നിലവിലെ ഈ നിർദേശങ്ങൾ സുപ്രീം കോടതിയിൽ സർക്കാർ സർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹർജിയിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.



