പാലക്കാട്: ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാലക്കാട് തടുക്കശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഭവത്തിൽ പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.
പകൽ ശീവേലിക്കിടെ തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന സമീപത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. ഇതിനിടെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.



