സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. 2026 ഏപ്രിൽ 18 ശനിയാഴ്ചത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് ആണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗത്തിൽ കേരളം സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തിൽ വലിയ റെക്കോർഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആയിരുന്നു.
സംസ്ഥാനത്ത് നിലവിൽ പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാൻ ശ്രമം തുടങ്ങിയായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്. 2026 ഏപ്രിൽ 22 ബുധനാഴ്ച നടക്കുന്ന പൊതു തെളിവെടുപ്പിന് ശേഷം ഈ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് വിപണിയിൽ രേഖപ്പെടുത്തിയത്. അന്ന് വൈകീട്ടത്തെ ആവശ്യകത 6013 മെഗാവാട്ടിലെത്തിയിരുന്നു. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതിലഭ്യത ഉറപ്പാക്കാൻ യൂണിറ്റിന് 10 രൂപ വരെ വിലയുള്ള വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ചൂട് അതികഠിനമായി കൂടുന്നത് കാരണം 2026 മെയ് 15 വരെ ഉപഭോഗം ഉയർന്ന നിലയിൽ തന്നെ നിൽക്കുമെന്നാണ് കെഎസ്ഇബിയുടെ നിലവിലെ വിലയിരുത്തൽ. ഡാമുകളിൽ ഇപ്പോൾ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ അളവിലാണ് വെളളമുളളത്. മഴ ലഭിക്കാത്തതിനാൽ നീരൊഴുക്കും കുറവാണ് എന്നതും ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറക്കുന്നുണ്ട്.
ഈ കടുത്ത പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വാങ്ങും. എങ്കിലും ഉപഭോഗം വീണ്ടും കുതിച്ചുയർന്നാൽ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎസ്ഇബി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാൽ 10 മുതൽ 15 മിനിറ്റ് വരെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.
6300 മെഗാവാട്ട് ആണ് സംസ്ഥാനത്തെ പ്രസരണ ശൃംഖലയുടെ പരമാവധി ശേഷി. ഇത് മറികടന്നാൽ ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാവും നിയന്ത്രണം ഏർപ്പെടുത്തുക. നിലവിൽ ലോഡ് കൂടുമ്പോൾ വിവിധ സബ് സ്റ്റേഷനുകളിൽ പലയിടത്തും വൈദ്യുതി നിയന്ത്രണമുണ്ട്.



