കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. ഇലക്ട്രിക് കാറുകൾക്ക് ഇതുവരെ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ‘2026-ലെ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബിൽ’ നിയമസഭ പാസാക്കി. ഗവർണർ കൂടി ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഇലക്ട്രിക് കാറുകളുടെ വില ഗണ്യമായി വർദ്ധിക്കും.
നികുതി ഇളവ് പിൻവലിക്കുന്നതോടെ വാഹനത്തിന്റെ വില അനുസരിച്ച് വ്യത്യസ്ത സ്ലാബുകളിലായാകും നികുതി ചുമത്തുക:
- 10 ലക്ഷം രൂപ വരെ: വാഹന വിലയുടെ 10 ശതമാനം നികുതി നൽകണം.
- 10 ലക്ഷം മുതൽ 20 ലക്ഷം വരെ: 12 ശതമാനം നികുതി ചുമത്തും.
- 20 ലക്ഷത്തിന് മുകളിൽ: 14 ശതമാനം നികുതി നൽകേണ്ടി വരും.
നേരത്തെ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം പ്രൈവറ്റ് കാറുകൾ, ജീപ്പുകൾ, ചെറിയ ബസുകൾ, ടാക്‌സികൾ എന്നിവയ്ക്ക് ലൈഫ് ടൈം ടാക്‌സ് ബാധകമാകും. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള നികുതി ഇളവ് തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരുന്ന സബ്‌സിഡികളും ഇളവുകളുമാണ് ഇലക്ട്രിക് വാഹന വിപണിക്ക് കരുത്തേകിയിരുന്നത്.



