നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ ലഭിച്ച 2,125 പത്രികകളിൽ 1,637 എണ്ണം അംഗീകരിച്ചതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. വിവിധ കാരണങ്ങളാൽ 337 പത്രികകൾ തള്ളി. പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ ഏകദേശം 1,254 സ്ഥാനാർത്ഥികളാകും അന്തിമ പട്ടികയിൽ ഉണ്ടാവുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് 1.75 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവർക്കായി ‘ഇ-വിദ്യ’ എന്ന ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോമും സജ്ജമാക്കി. ഇതാദ്യമായി മാധ്യമപ്രവർത്തകർക്കും തപാൽ വോട്ട് അനുവദിക്കും. സംസ്ഥാനത്തെ 30,471 പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷയ്ക്കായി 145 കമ്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അതീവ ജാഗ്രത വേണ്ട 2,040 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു.