നാമനിര്‍ദേശപത്രികയിലെ സ്വത്ത് വിവരങ്ങളില്‍ പൊരുത്തകേട് എന്ന ഹര്‍ജിയില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി.സത്യവാങ്മൂലത്തില്‍ വിജയ് 100 കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 220 കോടിയുടെ സ്വത്ത് വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പെരമ്പൂരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 115 കോടിയുടെ സ്വത്ത് വിവരങ്ങള്‍ മാത്രമാണുള്ളത്. 105 കോടിയുടെ വ്യത്യാസമാണ് രണ്ട് സത്യവാങ്മൂലങ്ങളിലുമായി ഉള്ളത്.
കേവലം സാങ്കേതിക പ്രശ്‌നമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അടിയന്തരമായി മറുപടി നല്‍കാന്‍ ആദായനികുതി വകുപ്പിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന് തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയിലേക്കും ക്രിമിനല്‍ നടപടികളിലേക്കും കടക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.



