ഗാന്ധിനഗർ: ഗുജറാത്തിലെ മെഹ്സാനയിൽ വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്നു. ഇന്ദ്രാദ് സ്വദേശിനി ശാർദാബെൻ താക്കൂർ (60) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 20 മുതൽ കാണാതായ ശാർദാബെനിനെ കൃഷിയിടത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പുല്ല് ശേഖരിക്കാൻ പോയ ശാർദാബെൻ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ ഗോവിന്ദ്ജി ബൽദേവ്ജി താക്കൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു സ്വകാര്യ കന്പനിയുടെ കൃഷിയിടത്തെയ്ക്ക് ശാർദാബെൻ നടന്നുപോകുന്നത് കണ്ടത്. എന്നാൽ തിരികെ വരുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ തോട്ടത്തിലെ കുറച്ച് ഭാഗങ്ങളിൽ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവിടെ ഒരടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തലയ്ക്കടിയേറ്റാണ് ശാർദാബെൻ കൊല്ലപ്പെട്ടത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ സമീപത്ത് തന്നെ കുഴിച്ചുമൂടിയിരുന്നു. ശരീരത്തിലുണ്ടായിരുന്ന നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന ശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



