തൃശൂർ: തൃശൂർ കടകശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കടകശേരി സ്വദേശിനി സഫിയ(70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഫിയയുടെ സ്വർണം നഷ്ടമായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. മകൾക്കൊപ്പമായിരുന്നു സഫിയ താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ പോയിരുന്നു.
മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സഫിയ ബന്ധു വീട്ടിലേക്ക് പോവുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി വൈകിയും സഫിയ എത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. മൂക്കിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.
സഫിയയുടെ ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ഇവരുടെ ആഭരണങ്ങൾ നഷ്ടമായതായും ബന്ധുക്കൾക്ക് മനസിലായി. ഇതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.



