മധ്യപ്രദേശിൽ 1980-ൽ 90 കിലോ ഗോതമ്പ് മോഷ്ടിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ 45 വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഖാർഗോൺ ജില്ലയിലെ ബൽസമുദ് സ്വദേശിയായ സലിം (59) ആണ് ഒടുവിൽ നിയമത്തിൻ്റെ വലയിലായത്.

അയൽ ജില്ലയായ ധാർ ജില്ലയിലെ ബാഗ് ടൗണിൽ വ്യാജപ്പേരിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. മകനോടൊപ്പം ചെറിയൊരു പലചരക്ക് കട നടത്തിവരികയായിരുന്നു സലിം. 1980-ൽ മോഷണം നടക്കുമ്പോൾ കിലോയ്ക്ക് 2.05 രൂപ നിരക്കിൽ ആകെ 184 രൂപ മാത്രമായിരുന്നു 90 കിലോ ഗോതമ്പിന്റെ വില.

ഖാർഗോൺ ജില്ലയിലെ ബൽസമുദ് മേഖലയിലെ പാടത്ത് സൂക്ഷിച്ചിരുന്ന ഗോതമ്പ് മോഷ്ടിച്ചതിന് സലിം ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്. കേസിൽ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും സലിം ഉൾപ്പെടെ രണ്ട് പേർ ഒളിവിൽ പോയി.