സംവിധായകൻ പ്രിയദർശനെ പ്രശംസിച്ച്  ‘ഭൂത് ബംഗ്ല’ ഉൾപ്പെടെയുള്ള ബോളിവുഡ് സിനിമകളുടെ നിർമ്മാതാവ് ഏക്താ കപൂർ. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സമ്മാനിച്ച പ്രിയദർശന് നന്ദി അറിയിച്ചുകൊണ്ടും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചുമാണ് സോഷ്യൽ മീഡിയയിൽ ഏക്താ കുറിപ്പ് പങ്കുവെച്ചത്.

ചിത്രത്തിന്‍റെ തുടക്കത്തിൽ തന്നെ പ്രിയദർശൻ ചോദിച്ച ഒരു ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഏക്ത പറയുന്നു. “ഏക്ത, ഈ സിനിമയിലൂടെ നിങ്ങൾ പണം സമ്പാദിക്കുന്നുണ്ടോ? എന്‍റെ നിർമ്മാതാവിന് ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ ആ സിനിമ ചെയ്യില്ല,” എന്നായിരുന്നു പ്രിയദർശന്‍റെ വാക്കുകൾ. ഒരു സംവിധായകൻ തന്‍റെ നിർമ്മാതാവിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നത് ഇന്നത്തെ കാലത്ത് അപൂർവമാണെന്ന് അവർ കുറിച്ചു.

“തന്‍റെ നൂറാമത്തെ സിനിമ ചെയ്യുന്ന ഒരാളോടൊപ്പമായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. ഞങ്ങളെപ്പോലെ ശക്തമായ നിലപാടുകളുള്ള രണ്ട് വ്യക്തികൾ ഒന്നിക്കുമ്പോൾ വലിയ തർക്കങ്ങളുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഞങ്ങളുടെ ആ ബന്ധത്തിന്‍റെ അടിസ്ഥാനം പരസ്പരം ആഴത്തിൽ വേരൂന്നിയ ബഹുമാനമായിരുന്നുവെന്ന് അവർ കണ്ടില്ല. പ്രിയദർശനോടൊപ്പം ജോലി ചെയ്തതുപോലെ ഇത്രയേറെ ആസ്വദിച്ച് ഞാൻ മറ്റൊരാൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടാവില്ലെന്ന് ഞാൻ കരുതുന്നു.