കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ സി ജി ലൂബ്രിക്കന്‍റ്സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. കമ്പനി അടച്ചു പൂട്ടാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് നിര്‍ദേശം നല്‍കി. ഗുരുതര സുരക്ഷാവീഴ്ചയാണ് ഒരു തൊഴിലാളി മരിക്കാനിടയായ തീപിടിത്തത്തിന് കാരണമായത്.

കമ്പനിയില്‍ വര്‍ഷം തോറും നടത്തേണ്ട കോയില്‍ ടെസ്റ്റിംഗ് നടത്തിയിട്ടില്ല. ഡിസംബറില്‍ നടത്തേണ്ടിയിരുന്ന കോയില്‍ ടെസ്റ്റിംഗ് നടത്തിയിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 17 വര്‍ഷം പഴക്കമുള്ള ബോയിലറില്‍ നിന്നാണ് തീപിടിത്തം ഉണ്ടായത്.

ഇത് വര്‍ഷം തോറും പരിശോധന നടത്തുകയും ലീക്കേജ് ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഈ പരിശോധന നടത്തിയിട്ടില്ല. ബോയിലറില്‍ നിന്നുള്ള ലീക്കേജില്‍ നിന്നാണ് തീപിടിച്ചത്. കമ്പനിയിലെ മറ്റ് പല ഉപകരണങ്ങളുടെയും സുരക്ഷ പരിശോധന നടത്തുകയോ അതിന്‍റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

അതേസമയം, തീപിടിത്തത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി ശത്രു മുഖ്യയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി.

30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അസിസ്റ്റന്‍റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, ഡിവൈഎസ്പി ബാബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമനെന്ന് ധാരണയായത്. ഇതോടെ രാത്രി 11.30ന് ഉപരോധം അവസാനിപ്പിച്ച് എടയാര്‍ ശാന്തിതീരം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.