മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ലെന്ന് എംഎ ബേബി പറഞ്ഞു. പല മാധ്യമങ്ങളും ഇഡിയുടെ ഏജൻ്റുമാരാകുന്നു. വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോഗമാണെന്നും എംഎ ബേബി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. യുഡിഎഫിൻ്റെ പ്രചരണം ചില പത്രങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങൾ ചോദിച്ചപ്പോൾ രണ്ടുവർഷം മുമ്പ് അയച്ച നോട്ടീസിൽ തുടർ നടപടികൾ ഉണ്ടായില്ല എങ്കിൽ കെട്ടിച്ചമച്ചതാണ് എന്നാണ് പറഞ്ഞത്. അസംബന്ധം ആണ് ഇതെല്ലാം എന്ന് എനിക്കും മുഖ്യമന്ത്രിക്കും സംശയം ഇല്ല. ചെന്നൈയിലെ പ്രതികരണം തലനാരിഴകീറി വിമർശിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു.
മുഖ്യമന്ത്രി പ്രതികരിച്ചതോടെ എല്ലാറ്റിലും വ്യക്തത വന്നു എന്നാണ് പാർട്ടിയുടെ ബോധ്യം. വാർത്ത വരും മുമ്പ് സമൻസ് വിവരം പാർട്ടിക്ക് മുന്നിൽ ഉണ്ടോ എന്ന ചോദ്യത്തിന് പറഞ്ഞിടത്തോളം മതി എന്നും മറുപടി. അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർഎസ്എസ് നേതൃത്വം പരിശോധിച്ച് കർശന നടപടി എടുക്കണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു. എഫ്ഐആറിൽ ആർഎസ്എസിനെ ഒഴിവാക്കിയെന്ന കോൺഗ്രസ് വിമർശനം തള്ളിയാണ് ബേബി പ്രതികരിച്ചത്. ഇത് കേവലം സങ്കേതിക പ്രശ്നം മാത്രമാണെന്നും കേരള പോലീസ് കർശന നടപടി എടുക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.