ജ​നീ​വ: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലും ഉ​ഗാ​ണ്ട​യി​ലും അ​പൂ​ർ​വ​യി​നം എ​ബോ​ള വൈ​റ​സ് ബാ​ധ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോം​ഗോ​യി​ൽ എ​ബോ​ള ബാ​ധി​ച്ച് ഇ​തു​വ​രെ 87 പേ​ർ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യം ഒ​രു ‘ആ​ഗോ​ള മ​ഹാ​മാ​രി’ ആ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

കോം​ഗോ​യി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഇ​റ്റൂ​രി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണം അ​തി​വേ​ഗം വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ളും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്ക​ലും ന​ട​ത്തി​വ​രി​ക​യാ​ണ്.

ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ന്‍റെ ആ​രോ​ഗ്യ ഏ​ജ​ൻ​സി​യാ​യ ആ​ഫ്രി​ക്ക സി​ഡി​സി ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 87 പേ​രാ​ണ് ഇ​തി​ന​കം മ​ര​ണ​പ്പെ​ട്ട​ത്. സ​മൂ​ഹ​ത്തി​ൽ വൈ​റ​സ് അ​തി​വേ​ഗം പ​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​ല​വി​ൽ 336 സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും 13 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ മ​ര​ണ​പ്പെ​ട്ടു.

കോം​ഗോ​യി​ലെ മു​ൻ​കാ​ല എ​ബോ​ള വ്യാ​പ​ന​ങ്ങ​ളി​ൽ ക​ണ്ടി​ട്ടു​ള്ള​തി​നേ​ക്കാ​ൾ തീ​വ്ര​ത കു​റ​ഞ്ഞ, എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യ ‘ബു​ന്ദി​ബു​ഗ്യോ’ എ​ന്ന എ​ബോ​ള വൈ​റ​സ് വ​ക​ഭേ​ദ​മാ​ണ് ഇ​പ്പോ​ൾ പ​ട​രു​ന്ന​തെ​ന്ന് കോം​ഗോ ആ​രോ​ഗ്യ മ​ന്ത്രി സാ​മു​വ​ൽ റോ​ജ​ർ കം​ബ സ്ഥി​രീ​ക​രി​ച്ചു. 1976-ൽ ​എ​ബോ​ള വൈ​റ​സ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷം കോം​ഗോ​യി​ലു​ണ്ടാ​കു​ന്ന 17-ാമ​ത്തെ എ​ബോ​ള വ്യാ​പ​ന​മാ​ണി​ത്.