അബുദാബി: പുതുവത്സര രാവില്‍ അബുദാബിയിലെ ശെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ആകാശത്തിലേക്ക് പറന്നുയര്‍ന്ന ഒരു ലക്ഷം ബലൂണുകള്‍ വെറും ബലൂണുകളായിരുന്നില്ല. മറിച്ച് അബുദാബിയുടെ പച്ചപ്പില്‍ മരമായും പൂക്കളായും വളരാന്‍ കഴിയുന്ന 10 കോടി ചെടിവിത്തുകളും വഹിച്ചാണ് അവ ചക്രവാളത്തിൻ്റെ വിരിമാറിലേക്ക് ഉയര്‍ന്നുപൊങ്ങിയത്.

അബുദാബിയിലെ അല്‍ വത്ബയില്‍ നടന്ന ഫെസ്റ്റിവലില്‍ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടികളില്‍ വലിയ തോതില്‍ ജനങ്ങളില്‍ ആവേശവും ആശ്ചര്യവും വാരിവിതറിയ ഒന്നായിരുന്നു രാത്രി 10 മണിക്ക് ആരംഭിച്ച ബലൂണ്‍ പറത്തല്‍. വെള്ള, കറുപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് തുറന്നുവിട്ടതോടെ വിസ്മയകരമായ ദൃശ്യഭംഗിക്ക് കളമൊരുങ്ങുകയായിരുന്നു. ബലൂണ്‍ പറത്തല്‍ പ്രദര്‍ശനം ആരംഭിച്ചതോടെ കൂടിനിന്ന് ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. തങ്ങള്‍ക്ക് മുകളില്‍ വിരിഞ്ഞ മനോഹരമായ കാഴ്ചയില്‍ വിസ്മയത്തോടെ അവരുടെ കണ്ണുകളും വിടര്‍ന്നു.

എന്നാല്‍ ബലൂണുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന ശേഷമാണ് അവ വെറും ബലൂണുകളല്ലെന്നും അവയ്ക്കകത്ത് ബലൂണുകളെക്കാള്‍ മനോഹരമായ ഒരു ദൗത്യം ഉണ്ടായിരുന്നുവെന്ന കാര്യം ആസ്വാദകര്‍ അറിയുന്നത്. അബൂദാബിയെ കൂടുതല്‍ ഹരിതാഭമാക്കുക എന്ന ദൗത്യം. ഇതിനായി ഓരോ ബലൂണിലും 1,000 വീതം വിത്തുകളുടെ വൈവിധ്യമാര്‍ന്ന ശേഖരം അടങ്ങിയിരുന്നു. അതില്‍ നാടന്‍ മരങ്ങളും പൂക്കളായ ഗാഫ്, സമര്‍, മറ്റ് മരുഭൂമി സസ്യങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.