ഡാളസ് :ഡള്ളാസിൽ മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയും, മൃതദേഹം കാറിനുള്ളിലിരിക്കെ 40 മൈൽ ദൂരം വണ്ടിയോടിക്കുകയും ചെയ്ത യുവാവിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 31-കാരനായ നെസ്റ്റർ ലുജാൻ ഫ്ലോറസിനെയാണ് കോടതി ശിക്ഷിച്ചത്.

2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഡള്ളാസിൽ വെച്ച് 45-കാരനായ ടെറി ഐവറിയെ ഫ്ലോറസ് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടെറി കാറിന്റെ വിൻഡ്‌ഷീൽഡ് തകർത്ത് അകത്തേക്ക് വീണു.

അപകടത്തിന് ശേഷം വണ്ടി നിർത്താതെ, യാത്രക്കാരന്റെ സീറ്റിൽ മൃതദേഹം ഇരിക്കെത്തന്നെ ഫ്ലോറസ് 40 മൈലോളം ദൂരം വണ്ടിയോടിച്ചു. വൈറ്റ് സെറ്റിൽമെന്റിലെ ഒരു റെസ്റ്റോറന്റ് പാർക്കിംഗിൽ അബോധാവസ്ഥയിൽ കണ്ടെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടുന്നത്.

മനഃപൂർവമല്ലാത്ത നരഹത്യ (Intoxicated Manslaughter), അപകടത്തിന് ശേഷം നിർത്താതെ പോവുക എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനെത്തുടർന്നാണ് കോടതി 15 വർഷം തടവ് വിധിച്ചത്. 2020-ലും ഇയാൾ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടിരുന്നു.

ശിക്ഷാ കാലാവധിയുടെ പകുതിയെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവൂ എന്ന് കോടതി വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നത് സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ കേസ് എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.