വെടിനിർത്തൽ നിലവിൽ വന്നിട്ടും സുഡാൻ തലസ്ഥാനത്ത് ഡ്രോൺ ആക്രമണം നടന്നു. സുഡാനിലെ വടക്കുകിഴക്കൻ മേഖലയിലെ രണ്ട് നഗരങ്ങളിൽ അർധസൈനികസംഘം രാത്രിയിൽ ഡ്രോൺ ആക്രമണം നടത്തിയതായും ഈ ശ്രമത്തെ സുഡാൻ സൈന്യം പ്രതിരോധിച്ചെന്നും ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

സുഡാന്റെ തലസ്ഥാനമായ, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഖാർത്തൂമിനു സമീപം സ്ഫോടനശബ്ദങ്ങൾ കേട്ടതായും അത് കേട്ടാണ് തങ്ങൾ ഉണർന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഒരു സൈനികതാവളത്തിനും ഒരു പവർസ്റ്റേഷനു സമീപത്തും  സ്‌ഫോടനങ്ങൾ നടന്നതായി താമസക്കാർ വെളിപ്പെടുത്തി. സുഡാനിലെ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) വെടിനിർത്തലിനു സമ്മതിക്കുമെന്ന് പറഞ്ഞതിന് ഒരുദിവസത്തിനു ശേഷമാണ് ഈ ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പോരാട്ടത്തിൽ കുറഞ്ഞത് നാൽപതിനായിരം പേർ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർ കുടിയിറക്കപ്പെട്ടതായും പറയുന്നു. എന്നിരുന്നാലും, യഥാർഥ മരണസംഖ്യ പലമടങ്ങ് കൂടുതലായിരിക്കുമെന്ന് മറ്റ് ഗ്രൂപ്പുകൾ പറയുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച്, 24 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. അതേസമയം, യുഎൻ പിന്തുണയുള്ള ആഗോള പട്ടിണി നിരീക്ഷകൻ ഈ ആഴ്ച സംഘർഷമേഖലകളിൽ ക്ഷാമം പടരുന്നതായി സ്ഥിരീകരിച്ചു