ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഡ്രോൺ ആക്രമണം സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാകുകയാണ്. യുദ്ധമുന്നണിയിൽ നിന്ന് ഏറെ അകലെയുള്ള ജനവാസ മേഖലകളിൽ പോലും ആകാശത്തുനിന്ന് ഡ്രോണുകൾ ബോംബുകൾ വർഷിക്കുന്നതോടെ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും അനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വാരം, റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതരുടെ നിയന്ത്രണത്തിലുള്ള ഗോമ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മുഷാക്കി എന്ന കാർഷിക ഗ്രാമത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വയസ്സുകാരി ഉൾപ്പെടെ സാധാരണക്കാരായ 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു പ്രാദേശിക മാർക്കറ്റിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി മാർക്കറ്റിൽ എത്തിയവരും കൃഷിയിടങ്ങളിൽ നിന്ന് മടങ്ങുകയായിരുന്നവരുമാണ് ആക്രമണത്തിന് ഇരയായത്. വയറിനും നെഞ്ചിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ റെഡ് ക്രോസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻഡോഷോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.