കൊല്ലം: ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച കേ​സി​ൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യുടേതാണ് ഉത്തരവ്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ തെളിഞ്ഞു. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.

ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. സന്ദീപിന്‍റെ ആക്രമണത്തിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റിരുന്നു.

കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം പൂർത്തിയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
അക്രമം നടക്കുമ്പോൾ ഡോ. വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി.

കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ കേസിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കൂടാതെ, കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്.

തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രതിഭാഗത്തിനായി ആദ്യം വക്കാലത്ത് ഏറ്റെടുത്തത് ബി.എ. ആളുരായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം വക്കാലത്ത് ഏറ്റെടുത്ത മനുവും മരിച്ചു. തുടർന്ന് ജോൺ എസ്. റാൽഫ് കേസ് ഏറ്റെടുത്തെങ്കിലും വൈകാതെ ഒഴിഞ്ഞു. ഇതോടെ വിചാരണ അനിശ്ചിതമായി വൈകി.

ഇതിനെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതിഭാഗത്തിനായി പ്രതാപചന്ദ്രൻ പിള്ള ഹാജരായി വിചാരണ പൂർത്തിയാക്കിയത്. സന്ദീപിന്‍റെ മാനസിക നില തകരാറിലാണെന്ന വാദവുമായി പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

മൊഴികളെല്ലാം പ്രതിക്കെതിരേ

ഡോ.വന്ദനാദാസിനെ ആക്രമിക്കുന്നതു കണ്ടതായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാർ കോടതിയിൽ മൊഴി നൽകി. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും സാക്ഷികൾ തിരിച്ചറിഞ്ഞു.

സംഭവദിവസം കൊട്ടാരക്കര ഗവ.ആശുപത്രിയിൽ താൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയം പ്രതി ഒബ്സർവേഷൻ മുറിയുടെ മുന്നിൽ ഡോ.വന്ദനയെ തലയ്ക്കും കഴുത്തിനും കുത്തി പരിക്കേൽപിക്കുന്നത് കണ്ടതായി ആശുപത്രി ജീവനക്കാരിയായ മിനിമോൾ മൊഴി നൽകി.

കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ പ്രതി ജി. സന്ദീപ് ആക്രമിക്കുന്നതു കണ്ടുവെന്നു ദൃക്സാക്ഷിയുടെ മൊഴി.