ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും യാത്രക്കാർക്ക് സൗജന്യമായി തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനയാത്രക്കാർക്ക് സീറ്റ് തെരഞ്ഞെടുക്കുന്നതിന് വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക തുകയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നീക്കം.
ആഭ്യന്തര വിമാന സർവീസുകളിൽ കുറഞ്ഞത് 60 സീറ്റുകളെങ്കിലും യാത്രക്കാർക്ക് യാതൊരുവിധ അധിക നിരക്കും നൽകാതെ തെരഞ്ഞെടുക്കാൻ സാധിക്കണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. നിലവിൽ പല വിമാനക്കമ്പനികളും വെബ് ചെക്ക്-ഇൻ സമയത്തും മറ്റും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് പ്രത്യേക തുക ഈടാക്കാറുണ്ട്.
ഇതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ഓരോ വിമാനത്തിലും മൊത്തം സീറ്റുകളുടെ ഒരു നിശ്ചിത ശതമാനം അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം സീറ്റുകൾ ‘ഫ്രീ’ കാറ്റഗറിയിൽ ഉൾപ്പെടുത്തണം. സാധാരണയായി വിമാനത്തിലെ നടുവിലത്തെ സീറ്റുകൾ സൗജന്യമായി നൽകാറാണ് ചെയ്യുന്നതെങ്കിലും, മൊത്തത്തിലുള്ള സീറ്റ് വിന്യാസത്തിൽ മാറ്റം വരുത്തി കൂടുതൽ സീറ്റുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കമ്പനികൾ നിർബന്ധിതരാകും.



