ഹോർമുസ് കടലിടുക്കിലെ പിരിമുറുക്കം നിലനിൽക്കെ, ആഗോള എണ്ണ വിപണിയിൽ നിർണ്ണായകമായ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സഹായമുണ്ടായാലും ഇല്ലെങ്കിലും എണ്ണ വിതരണം അതിവേഗം സാധാരണ നിലയിലാക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് എങ്ങനെ സാധ്യമാക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ട്രാൻസിറ്റ് ഫീ അഥവാ ടോൾ ഈടാക്കാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കെതിരെ ട്രംപ് ശക്തമായി പ്രതികരിച്ചു. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ടോൾ നൽകാൻ ഇറാൻ കപ്പലുകളെ നിർബന്ധിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. “ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെയൊന്ന് സംഭവിക്കാൻ പാടില്ല. അവർ അത് ഉടൻ നിർത്തുന്നതാണ് നല്ലത്,” ട്രംപ് മുന്നറിയിപ്പ് നൽകി.