ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ, ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാൻ വലിയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും അവർ ഇനി ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ അമേരിക്കയ്ക്ക് വലിയൊരു ‘സമ്മാനം’ (Present) നൽകിയതായും ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണെന്നും ട്രംപ് സൂചിപ്പിച്ചു. ആഗോള ഊർജ്ജ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം കഴിഞ്ഞ മാസങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഈ പാത തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട നീക്കമാണിതെന്നാണ് സൂചന. ഇത് ആണവ വിഷയമല്ലെന്നും മറിച്ച് എണ്ണ, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും ഇതിന് വലിയ സാമ്പത്തിക മൂല്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.



