മഹാരാഷ്ട്രയില്‍ മെഡിക്കല്‍ ഓഫിസറായി പ്രവര്‍ത്തിച്ചിരുന്ന വനിതാ ഡോക്ടര്‍ കൈയ്യിൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം ജീവനൊടുക്കിയിരുന്നു. പോലിസ് ഉദ്യോഗസ്ഥനായ ഗോപാല്‍ ബദ്നെ പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാലുതവണ ബലാല്‍സംഗത്തിനും മാനസിക-ശാരീരിക പീഡനത്തിനും ഇരയായതായി കൈയ്യിലെ കുറിപ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വനിതാ ഡോക്ടറെ മെഡിക്കൽ റിപ്പോർട്ടുകൾ വ്യാജമാക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.
പോലീസ് മാത്രമല്ല എം.പിയും മെഡിക്കൽ റിപ്പോർട്ടുകൾ വ്യാജമാക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിക്കപ്പെടുന്നു. അസ്വാഭാവിക മരണ കേസുകളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ മാറ്റാനും, അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ റിപ്പോർട്ടുകൾ പരിഷ്കരിക്കാനും പോലീസിൽ നിന്ന് പലപ്പോഴും സമ്മർദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഡോക്ടറുടെ ഒരു ബന്ധു അവകാശപ്പെട്ടു.



