ബോളിവുഡിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ സമീപകാല പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). അദ്ദേഹത്തിന് വീണ്ടും ജോലി വേണമെന്നുണ്ടെങ്കിൽ ഘർവാപസി ചെയ്യണമെന്നാണ് സംഘടനയുടെ ദേശീയ വക്താവ് വിനോദ് ബൻസാൽ ആവശ്യപ്പെടുന്നത്. 

കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവസരങ്ങൾ കുറഞ്ഞത് ഒരുപക്ഷെ വർഗീയ കാരണങ്ങൾ കൊണ്ടായിരിക്കാമെന്ന എ.ആർ റഹ്മാൻറെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. റഹ്മാൻ ഇപ്പോൾ  ഒരു പ്രത്യേക വിഭാഗവുമായി സഖ്യത്തിലായിരിക്കുകയാണെന്ന് ബൻസാൽ ആരോപിച്ചു. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി നേതാവായിരുന്ന വിഭാഗത്തിന്റെ നേതാവായി എ.ആർ. റഹ്മാനും മാറിയിരിക്കുന്നതായി തോന്നുന്നുവെന്നും ബൻസാൽ പറഞ്ഞു.