കോൺഗ്രസിൻ്റെ രാഷ്ട്രീയ വഞ്ചനയിൽ പ്രതിഷേധിച്ച് 2026 ജൂൺ എട്ടിന് ന്യൂഡൽഹിയിൽ ചേരുന്ന ‘ഇന്ത്യ’ മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം തീരുമാനിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്വീകരിച്ച ഏകപക്ഷീയമായ നിലപാടുകളിൽ പാർട്ടി അണികൾക്ക് കടുത്ത അമർഷമുണ്ടെന്നും അവരുടെ വികാരങ്ങളെ മാനിച്ചാണ് കോൺഗ്രസ് പങ്കെടുക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും ഡിഎംകെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിൻ്റെ ഭാഗമായി മത്സരിച്ച് അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ്, ഫലം പുറത്തുവന്നതിന് പിന്നാലെ സഖ്യം അവസാനിപ്പിച്ചിരുന്നു.
തുടർന്ന് ഡിഎംകെയെ പൂർണമായും തഴഞ്ഞ് തമിഴക വെട്രി കഴകം നേതൃത്വം നൽകുന്ന സഖ്യ സർക്കാരിൻ്റെ ഭാഗമാകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിനൊപ്പം മറ്റു സഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും യാതൊരുവിധ ജനാധിപത്യ മര്യാദകളും പാലിക്കാതെ അധികാരമോഹത്തോടെ മറുകണ്ടം ചാടിയതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്.
‘ഇന്ത്യ’ മുന്നണിയുടെ രൂപീകരണ സമയം മുതൽ അതിൻ്റെ കേന്ദ്രശക്തിയായി ഡിഎംകെ പ്രവർത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യവും മതേതരത്വവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ പാർട്ടി എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ ഓർമിപ്പിച്ചു.
നീറ്റ് പരീക്ഷ, മണ്ഡല പുനർനിർണയം, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, വഖഫ് ഭേദഗതി ബിൽ തുടങ്ങിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ രാജ്യത്തെ പ്രധാന ശബ്ദമായി നിലകൊണ്ടിട്ടുണ്ടെന്നും പാർട്ടി അവകാശപ്പെട്ടു. ദേശീയ തലത്തിലുള്ള വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കുമെങ്കിലും, തമിഴ്‌നാട്ടിൽ കോൺഗ്രസ് കാട്ടിയ വഞ്ചനയ്ക്ക് മുന്നിൽ ഇനി വിട്ടുവീഴ്ചയില്ലെന്നാണ് ഡിഎംകെയുടെ കർശന നിലപാട്.



