നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നശിക്കാതെ പ്രകൃതിയിൽ അവശേഷിക്കുകയും, കാലക്രമേണ അവ ചെറിയ തരികളായി (Microplastics) മാറുകയും ചെയ്യുന്നത് വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കടലിലെ മത്സ്യങ്ങളിലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും വരെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ കാൻസർ, വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാനിലെ ആർ.ഐ.കെ.ഇ.എൻ (RIKEN) സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെ ഗവേഷകർ ശുഭവാർത്തയുമായി എത്തിയിരിക്കുന്നത്. പരിസ്ഥിതിക്ക് ഒട്ടും ദോഷകരമല്ലാത്ത, പൂർണമായും അലിഞ്ഞുചേരുന്ന സുപ്രമോളിക്യുലാർ പ്ലാസ്റ്റിക് അവർ വികസിപ്പിച്ചെടുത്തിരിക്കുന്നു.
സസ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ‘സെല്ലുലോസ്’ എന്ന ജൈവ സംയുക്തത്തിൽ നിന്നാണ് ഈ പുതിയ പ്ലാസ്റ്റിക് നിർമ്മിച്ചിരിക്കുന്നത്. വുഡ് പൾപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന സെല്ലുലോസിനെ മറ്റ് പ്രകൃതിദത്ത ചേരുവകളുമായി സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ചോളിൻ ക്ലോറൈഡ് ആണ്. സാധാരണയായി ഭക്ഷണസാധനങ്ങളിൽ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ഒരു തരം ഉപ്പാണിത്.
ഈ ഉപ്പിന്റെ അളവ് ക്രമീകരിക്കുന്നതിലൂടെ പ്ലാസ്റ്റിക്കിന്റെ കാഠിന്യവും ഇലാസ്തികതയും നിയന്ത്രിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചു. അതായത്, ഇത് ചില്ല് പോലെ കടുപ്പമുള്ളതാക്കാനും റബ്ബർ പോലെ വലിഞ്ഞുമുറുകുന്നതാക്കാനും സാധിക്കും.
പലപ്പോഴും പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുകൾക്ക് കരുത്ത് കുറവായിരിക്കും എന്ന പരാതിയുണ്ടാകാറുണ്ട്. എന്നാൽ പുതിയ കണ്ടെത്തലിൽ ആ പരിമിതി മറികടന്നിരിക്കുന്നു. സാധാരണ പ്ലാസ്റ്റിക്കിന്റെ അത്രതന്നെ കരുത്തുള്ള ഈ ജൈവ പ്ലാസ്റ്റിക്കിനെ അതിന്റെ യഥാർത്ഥ നീളത്തിന്റെ 130 ശതമാനം വരെ പൊട്ടാതെ വലിച്ചുനീട്ടാൻ സാധിക്കും. വെറും 0.07 മില്ലിമീറ്റർ കനത്തിൽ വളരെ നേർത്ത പാളികളായി ഇതിനെ മാറ്റാനും സാധിക്കും. ഇത്തരത്തിൽ വഴക്കവും ഉറപ്പും ഒരേപോലെ ഒത്തിണങ്ങുന്നതിനാൽ പാക്കേജിംഗ് മേഖലയിലും വ്യാവസായിക ആവശ്യങ്ങൾക്കും ഇത് മികച്ചൊരു പകരക്കാരനാകും.
പരമ്പരാഗത പ്ലാസ്റ്റിക്കുകൾ കടലിൽ എത്തിയാൽ നൂറുകണക്കിന് വർഷങ്ങൾ എടുത്താണ് നശിക്കുന്നത്. എന്നാൽ ഈ പുതിയ സസ്യ അധിഷ്ഠിത പ്ലാസ്റ്റിക് സമുദ്രജലത്തിൽ എത്തിയാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണമായും അലിഞ്ഞുചേരുന്നു. ഇത് നശിക്കുമ്പോൾ മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഇതിലെ ഘടകങ്ങൾ പ്രകൃതിദത്തമായതിനാൽ അവ ബാക്ടീരിയകൾക്ക് ഭക്ഷിക്കാനോ അല്ലെങ്കിൽ മണ്ണിൽ വളമായി മാറാനോ സാധിക്കും. പ്രമുഖ ശാസ്ത്ര മാസികയായ ‘ജേണൽ ഓഫ് ദി അമേരിക്കൻ കെമിക്കൽ സൊസൈറ്റി’യിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോളിമർ കെമിസ്റ്റ് തകുസോ ഐഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ.
മുമ്പ് ലബോറട്ടറികളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഇത്തരം പരീക്ഷണങ്ങൾ ഇപ്പോൾ പ്രായോഗിക തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു. നിലവിൽ എഫ്.ഡി.എ അംഗീകരിച്ച സുരക്ഷിതമായ ഘടകങ്ങൾ മാത്രമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ വിപണിയിൽ ഇതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കിന് പകരമായി ഈ സസ്യ പ്ലാസ്റ്റിക് വ്യാപകമാകുന്നതോടെ സമുദ്ര മലിനീകരണം കുറയ്ക്കാനും വരുംതലമുറയെ മൈക്രോപ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് രക്ഷിക്കാനും സാധിക്കും.



