യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ- ഇന്ത്യൻ ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി. ഡിജിറ്റൽ മീഡിയയിൽ ഒരുപാട് കാര്യങ്ങളുണ്ടാവാമെന്നും അതൊന്നും സെൻസർ സർട്ടിഫിക്കേഷൻ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ലെന്നും പ്രസൂൺ ജോഷി പറഞ്ഞു. 

‘യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാണുന്ന പലതും സർട്ടിഫിക്കറ്റ് നൽകിയത് ആവണമെന്നില്ല. അവ സെൻസർ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അതിനാൽ ഒടിടിയിലോ യൂട്യൂബിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ആളുകൾ കാണുന്ന കാര്യങ്ങൾ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു. 

‘സെൻസർ നടപടികൾ കഠിനമായ ജോലിയാണ്. അത് ആരും പുറത്തുകാണില്ല. സംവിധായകർ പറയുന്ന കാര്യങ്ങളും സമൂഹം പ്രതീക്ഷിക്കുന്നതും തമ്മിൽ സമതുലിതാവസ്ഥ നിലനിർത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.