കണ്ണൂർ: യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ പുറത്തിറക്കിയ വിവാദമായ “പോറ്റിയെ കേറ്റിയെ’ എന്ന പാട്ടു വച്ചത് ചോദ്യം ചെയ്ത സിപിഎം നേതാവിന് മർദനം. സിപിഎം ലോക്കൽ സെക്രട്ടറി മുല്ലക്കൊടി സ്വദേശി ടി.പി. മനോഹരനാണ് മർദനമേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽ ഭാസ്കരൻ എന്നയാൾ “പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വച്ചിരുന്നു. ഇത് കേട്ട മനോഹരൻ പൊതുസ്ഥലത്ത് ഇത്തരം രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ തയാറാകാതെ ഭാസ്കരൻ ശബ്ദം കൂട്ടി.
മനോഹരൻ ഇതും ചോദ്യം ചെയ്തതോടെ ഭാസ്കരൻ പ്രകോപിതനായി വാക്കേറ്റമുണ്ടാകുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. ഭാസ്കരൻ കഴുത്തിന് പിടിച്ച് മർദിച്ചെന്നാണ് മനോഹരൻ മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
അതേ സമയം മനോഹരനും സന്ദീപ് ചന്ദ്രൻ എന്നയാളും ചേർന്ന് തന്നെ മർദിച്ചതായി കാണിച്ച് ഭാസ്കരനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.



