വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഒൻപത് വയസുകാരി ദൃഷാനയുടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം. ഡിവൈഎസ്പി വി വി ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. വടകര എസ് പി ആയിരുന്ന നിധിന്‍രാജ്, ഡിവൈഎസ്പി വി വി ബെന്നി, സുരേഷ് ബാബു കെ പി, ബിജേഷ് കെപി, ബിനീഷ് ടി എച്ച്, ഷിനില്‍ കെ എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍.
ദൃഷാനയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസം നേരിട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസം കഴിഞ്ഞാണ് കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി വന്നു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചു. അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.



