ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നൽകിയത്.
ഇതിന് പിന്നാലെ നിയമന നടപടികൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ ഒഴിവുകളിലേക്കുള്ള നിയമനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നതാണ് ഇന്നത്തെ നിർദേശം. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ അടുത്ത മാസം 10-ന് സുപ്രീം കോടതി വിശദമായ വാദം കേൾക്കുമെന്ന് അറിയിച്ചു.



