മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ ഭാര്യയെ വാടകക്കൊലയാളിയെ വിട്ട് ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. അധ്യാപികയായ വൃഷാലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പ്രകാശ് ഗവാണ്ടെ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് തവണ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് വാടകക്കൊലയാളിയെ ഏർപ്പാടാക്കി വാഹനം ഇടിച്ച് വീഴ്ത്തിയാണ് ഇയാൾ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

മാർച്ച് രണ്ടിനാണ് വൃഷാലി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വൃഷാലി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ആദ്യം ഇതൊരു സാധാരണ വാഹനാപകടമാണെന്ന് കരുതിയെങ്കിലും സംഭവസ്ഥലത്തെ അസ്വാഭാവിക സാഹചര്യങ്ങൾ പോലീസിൽ സംശയമുണ്ടാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹാനം മങ്കേഷ് ചുൽക്കർ എന്നയാളുടെയാണെന്ന് പോലീസ് കണ്ടെത്തി. വൃഷാലിയെ കൊല്ലാൻ പ്രകാശ് ഇയാൾക്ക് ഒരു ലക്ഷം രൂപ നൽകിയെന്നും വാഹനം ഓടിക്കാനായി സൂര്യവംശി എന്നയാളെ ഏർപ്പെടുത്തിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.